എമര്‍ജന്‍സി ക്വാട്ട ടിക്കറ്റ്: അപേക്ഷ 24 മണിക്കൂര്‍ മുന്‍പ് നല്‍കേണ്ടതാണെന്ന് റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് എമര്‍ജന്‍സി ക്വാട്ട (ഇക്യൂ) ബുക്കിങ്ങ് സമയക്രമങ്ങളില്‍ മാറ്റം വരുത്തി റെയില്‍വെ. എമര്‍ജന്‍സി ക്വാട്ടയില്‍ ടിക്കറ്റുകള്‍ അനുവദിക്കാന്‍ ഒരു ദിവസം മുന്‍പെങ്കിലും അപേക്ഷ നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. ടിക്കറ്റ് റിസര്‍വേഷന്‍ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് എട്ട് മണിക്കൂര്‍ മുന്‍പ് തയ്യാറാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ മാറ്റം. എമര്‍ജന്‍സി ക്വാട്ട അപേക്ഷകള്‍ ട്രെയിന്‍ പുറപ്പെടുന്ന സമയത്തിന് കൃത്യം 24 മണിക്കൂര്‍ മുന്‍പ് എങ്കിലും നല്‍കണം. ട്രെയിന്‍ യാത്ര പുറപ്പെടുന്ന ദിവസം ലഭിക്കുന്ന എമര്‍ജന്‍സി ക്വാട്ട അപേക്ഷകള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും റെയില്‍വെ മന്ത്രാലയം വ്യക്തമാക്കുന്നു. ഞായറാഴ്ചകള്‍, മറ്റ് പൊതു അവധി തുടങ്ങിയ ദിവസങ്ങളിലെ ട്രെയിനുകളിലെ എമര്‍ജന്‍സി ക്വാട്ട അപേക്ഷകള്‍ അതിന് മുന്‍പുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ നല്‍കണം. എമര്‍ജന്‍സി ക്വാട്ട കൃത്യമായി ലഭ്യമാകുന്നു എന്നുറപ്പാക്കാന്‍ ക്രമീകരണം ആവശ്യമാണെന്നും റെയില്‍വെ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. എമര്‍ജന്‍സി ക്വാട്ട (ഇക്യൂ) വഴി റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ നേരത്തെ തന്നെ റെയില്‍വെ കര്‍ശനമാക്കിയിരുന്നു. എമര്‍ജന്‍സി ക്വാട്ടയില്‍ റഫര്‍ ചെയ്യപ്പെട്ട വ്യക്തിയുടെ യഥാര്‍ത്ഥത ഉറപ്പാക്കാനും അടിയന്തര ക്വാട്ട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇക്യു ഫോര്‍വേഡിംഗ് അതോറിറ്റികളോട് നിര്‍ദേശിച്ചിട്ടുണ്ട്. വിഐപികള്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയില്‍ നിന്നാണ് ഇക്യു അപേക്ഷകള്‍ റെയില്‍വെയ്ക്ക് നല്‍കാറുള്ളത്.